കീവ്: മോസ്കോ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്ക് യുക്രെയ്ൻ ഡ്രോൺ ആക്രമണം ശക്തമാക്കിയതിനു പിന്നാലെ റഷ്യ പ്രതിരോധത്തിലായെന്ന് യുക്രെയൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്കി. തങ്ങളുടെ പ്രധാന നഗരങ്ങളെയും തന്ത്രപ്രധാന കേന്ദ്രങ്ങളെയും സംരക്ഷിക്കാൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ കൂട്ടത്തോടെ മാറ്റാൻ റഷ്യ നിർബന്ധിതരായെന്നും സെലൻസ്കി അവകാശപ്പെട്ടു.
തലസ്ഥാനനഗരമായ മോസ്കോ, പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ഔദ്യോഗിക വസതിയുള്ള വാൽദായ്, തന്ത്രപ്രധാനമായ കെർച്ച്പാലം എന്നിവയുടെ സുരക്ഷയ്ക്കാണു റഷ്യ ഇപ്പോൾ കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും ബുധനാഴ്ച രാത്രി പുറത്തുവിട്ട വീഡിയോസന്ദേശത്തിലൂടെ സെലൻസ്കി പറഞ്ഞു. മോസ്കോയിൽ മാത്രം നൂറുക്കണക്കിനു ലോഞ്ചറുകളാണ് റഷ്യ വിന്യസിച്ചിരിക്കുന്നത്. കൂടാതെ, മറ്റുഭാഗങ്ങളിൽനിന്നായി തൊണ്ണൂറോളം ലോഞ്ചറുകൾ പുടിന്റെ വസതിയുള്ള വാൽദായിലേക്കു മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
മോസ്കോയിലും റഷ്യയിലെ രണ്ടാമത്തെ വലിയനഗരമായ സെന്റ് പീറ്റേഴ്സ്ബർഗിലും അടുത്തിടെ യുക്രെയ്ൻ ശക്തമായ ഡ്രോണാക്രമണം നടത്തിയിരുന്നു. 1500 കിലോമീറ്ററിലധികം പറക്കാൻ ശേഷിയുള്ള അത്യാധുനിക ദീർഘദൂര ഡ്രോണുകളാണു യുക്രെയ്ൻ ഇതിനുവേണ്ടി ഉപയോഗിക്കുന്നത്. സ്വന്തമായി അത്യാധുനിക ഡ്രോണുകൾ വികസിപ്പിച്ചെടുത്ത യുക്രെയ്ന്റെ നീക്കങ്ങൾ റഷ്യൻ സൈന്യത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
സെലൻസ്കിയെ പ്രശംസിച്ച് ട്രംപ്
മുൻകാലങ്ങളിൽ സെലൻസ്കിയെ രൂക്ഷമായി വിമർശിച്ചിട്ടുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, അടുത്തിടെ സെലൻസ്കിയെ പുക്ഴത്തി രംഗത്തെത്തി. സെലൻസ്കി ധീരനാണെന്നും യുദ്ധത്തിൽ വളരെ മികച്ചരീതിയിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും ട്രംപ് പറഞ്ഞു.
അടുത്തിടെ നടന്ന ജി7 ഉച്ചകോടിയിൽ ട്രംപ് ഉൾപ്പെടെയുള്ള ലോകനേതാക്കളുടെ പിന്തുണ തങ്ങൾക്ക് ഉറപ്പാക്കാൻ കഴിഞ്ഞിരുന്നെന്ന് സെലൻസ്കി വ്യക്തമാക്കി.